Posts

മുമ്പേ-പോയവർ

നീ കടന്നു പോകുന്ന
പാതയ്ക്കരികിലാണ് എന്റെ വീട്
മഴ ആടിത്തിമിർക്കുന്നതും 
വെയിൽ ശക്തി പ്രാപിക്കുന്നതും
നിഴൽ പുള്ളികുത്തുന്നതും
എന്റെ സ്വീകരണമുറിയിലാണ് ! രാവുറങ്ങുമ്പോൾ
നിഴലുറങ്ങുമ്പോൾ
രാപ്പാടിയും ഞാനും
ഇരുട്ടിന്റെ കമ്പളത്തിലൊളിപ്പിച്ച
കുളിരും
മുന്നിൽ ആരോ തെളിച്ച വഴിയേ ... പ്രപഞ്ച സൃഷ്ടികളെല്ലാം
ഒരേ ബിന്ദുവിൽ
ആരോ ചിന്തിയ ചോരയിൽ
ദൈവത്തിനു പങ്കില്ല
വാചാലമാണ് മതങ്ങൾ
മൗനിയാണ് ദൈവം നീ കടന്നു പോകുന്ന
പാതയ്ക്കരികിലാണ് എന്റെ വീട്
മഴ ആടിത്തിമിർക്കുന്നതും
വെയിൽ ശക്തി പ്രാപിക്കുന്നതും
നിഴൽ പുള്ളികുത്തുന്നതും
എന്റെ സ്വീകരണമുറിയിലാണ്...! നീ തിരയുന്ന വഴികളിലൊന്നും
ഞാനില്ല, നിഴലില്ലാത്ത നീ മാത്രം...!
വെയിൽ ശക്തി പ്രാപിക്കുന്നതും
നിഴൽ പുള്ളികുത്തുന്നതും
എന്റെ സ്വീകരണമുറിയിലാണ് വരികൾ ആവർത്തനമാണ്
മനസ്സും, നേര് നേരായപാതയിൽ
തെളിഞ്ഞുതന്നെയിരിക്കുന്നു
കാഴ്ചയാണ് പ്രശ്നം.
****************

"നാം അറിയുമ്പോള്‍"

സുബഹിയ്ക്ക് മുമ്പേ ഉണര്‍ന്ന പക്ഷി
മരക്കൊമ്പില്‍ ഒറ്റയ്ക്കാണ്..!
മഞ്ഞിന് മുമ്പേ വിരിഞ്ഞ കാട്ടുപൂവും 
താഴ്വരയില്‍ ഒറ്റയ്ക്കാണ്...!
ഞാനും നിലാവും
കുറെ റൂഹുകളും
ശരീരമില്ലാത്തവരുടെ ലോകത്ത് ! കണ്ണെത്താത്ത ഇടങ്ങളില്‍
ഖല്‍ബ്
കയ്യെത്തുന്ന ദൂരത്തു ചഷകം
മുന്തിരിച്ചാറു
പിന്നെ പനിനീരിന്റെ നൈര്‍മല്യമുള്ള പ്രണയം
ഇണകള്‍ കൊക്കുരുമ്മി
ചിറകുകള്‍ കുടഞ്ഞു....! ഇവിടെ നൊസ്സുള്ളവര്‍ക്ക് പര്‍ദീസ്സ..!
ശരീരമില്ലാത്തവര്‍ക്ക് ചിറകുകള്‍
ഹേ.....പ്രണയമേ
നീല പ്രകാശത്തില്‍ പുതഞ്ഞു കിടക്കും
നീയും,
അസ്തമയച്ചുമപ്പുള്ള ഞാനും
ഇതൊരു സംഗമസ്ഥാനമാണ് !
ഇനി രാവുകള്‍ പുലരുന്നില്ല
ഒരു മയക്കം......അനന്തമായ മയക്കം...!

"പയണം"

"പയണം" നീ തിരയുന്ന വഴികളില്‍
ഞാനെന്ന പരമാര്‍ത്ഥം
ഓരോ അണുവിലും 
പുറത്തുനിന്നും
അകത്തേയ്ക്ക് നീ വലിച്ചെടുക്കുന്ന
പ്രാണവായുപോലെ-
നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു! നീ തിരയുന്നത് അറിവോ, അനാഥത്വമോ
സൂര്യനും, ചന്ദ്രനും മണ്ണും മരങ്ങളും -
അനാഥരല്ലോ
പിന്നെ ഞാനും
അനാഥന്‍...! കല്ലുകൊണ്ട് ഇടിച്ചു കൊന്ന
പാതകിയും
പൊലിഞ്ഞ ജീവനും
എന്റെ സൃക്ഷ്ടികള്‍
എന്റെ ശ്വാസം ഞാനാണ് ദൈവം
ഉയരങ്ങളിലല്ല എന്റെ സിംഹാസനം
നിന്റെ ഉള്ളിലാണ്
ചെറുകിളിയുടെ
കൂജനത്തിലും
അരുവിയുടെ കളകളാരവത്തിലും
ഞാനുണ്ട് സൃക്ഷ്ടിയുടെ രഹസ്യം
അത് അറിയുന്നവന്‍
ആരോ അവന്‍ ദൈവം
നീ തിരയുന്ന വഴികളിലെല്ലാം
ഞാനുണ്ട്
അത് നീയാണ്
നീ നിന്നെ അറിയുന്നില്ല
പിന്നെ എന്നെ അറിയുന്നതെങ്ങനെ
പുറത്തുനിന്നും
അകത്തേയ്ക്ക് നീ വലിച്ചെടുക്കുന്ന
പ്രാണവായുപോലെ-
നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു
ഞാനെന്ന പരമാര്‍ത്ഥം.

തലതിരിഞ്ഞവന്‍

രാജാവ് നഗ്നനാണ് എന്ന് തിരിച്ചരിഞ്ഞവനല്ലേ 
കല്ലുകള്‍ മുകളിലേയ്ക്കുരുട്ടി 
താഴേയ്ക് തള്ളിയിട്ടു കൈകൊട്ടിചിരിച്ചവനെ 
ഭ്രാന്തന്‍ എന്ന് വിളിച്ചത്

ഭ്രാന്തന് പട്ടം കൊടുക്കുന്നവനും 
മനുഷ്യനെ ദൈവമാക്കുന്നവനും
എന്തോ കുഴപ്പമുണ്ട്
തലതിരിഞ്ഞ മന്തും
ശൂന്യതയിലെ ഭസ്മവും.

"മരണം"

ചെറിയ ഇരുട്ടിനെപ്പോലും പേടിച്ചിരുന്ന
എന്റെ പ്രിയ ഇക്ക ഒരു ഭയവുമില്ലാതെ
മരണത്തെ വരിച്ചു 
വളരെ ധൈര്യ ശാലിയായിരുന്ന
പ്രിയ മാമ ഒരു ബന്ധുക്കളും കൂടെയില്ലാതെ
മരണത്തെ നേരിട്ടു കൂടെ നടന്നവരും പുറകിൽ വന്നവരും
മരണമെന്ന മഹാസത്യത്തെ പുണർന്നവരാണ്
അക്കൂട്ടത്തിൽ ധൈര്യശാലികളും, പേടിത്തൊണ്ടന്മാരും ഉണ്ടായിരുന്നു
ഈയൊരു സത്യമാകാം
എനിയ്ക്ക് മരണത്തോട് ഭയമില്ലാതായത് നനുത്ത മഞ്ഞുപാളികളിൽ
സൂര്യപ്രകാശമേൽക്കുമ്പോൾ
ചിന്നിച്ചിതറി ശക്തിയില്ലാതെ
അടുത്തെങ്ങോ തണുപ്പിൽ പതിക്കുന്ന
ഒരു മഞ്ഞുതുള്ളിയാണ്
മരണം.

ആര് നീ ...... (ഗസ്സല്‍)

ആര് നീയെൻ പുസ്തകത്താളിൽ
നോവായുറങ്ങുന്ന താരമേ....
നീർ തുളുമ്പുമീ താഴ്‌വരയിൽ 
മേനി പൂക്കുന്നു ഓമലേ....
ആര് നീയെൻ....... നീല മേഘങ്ങൾ ദൂത് പോകുന്ന
ഗ്രാമ വീഥിയിൽ കണ്ടു ഞാൻ ...
കഞ്ജക മിഴി കൊണ്ട് ഹൃത്തടം
പിഞ്ചുപോയല്ലോ സ്നേഹമേ.........
ആര് നീയെൻ....... സാമഗീതങ്ങള്‍ പെയ്തിറങ്ങുമീ
പാതിരാവിലെന്‍ നീലിമേ ...
പടികടന്നു നിൻ മൊഴിമണികൾ
കുളിരല മഴ തൂകിയോ....
ആര് നീയെൻ....... നിന്‍ ചിരിമണി വീണമീട്ടുമീ
വേനലമ്പിളിപ്പൂക്കളേ...
കാറ്റ് വന്നൊരു കാവ്യമഞ്ജരി
കാതിലോതുന്നു ജീവനേ.....
ആര് നീയെൻ....... ഇനിയൊരു വരി കവിതയായി നീ
ഒഴുകണം എന്റെ പ്രിയംവദേ...
തലയിണയിലെ ഇരുളില്‍ ഞാനെന്റെ
മുഖമൊളിക്കുന്നു മധുരിമേ....
ആര് നീയെൻ.......

"ശബ്ദമില്ലാത്തവർ"

ഇതൊരു വഴിയാണ്
ഉറുമ്പുകളുടെ വഴി
ഉറക്കമില്ലാത്തവരുടെ ദേശമാണ് മുന്നിൽ
കണ്ണുകൾ കൂമ്പി
ഖൽബുകൾ പ്രേമഭാരത്താൽ വിതുമ്പി
മഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന-
താഴ്വരയിൽ, കുന്നുകളിൽ
പുൽമേടുകളിൽ
അലിഞ്ഞലിഞ്ഞു അനന്തതയിൽ
ലയിച്ചു ചേരുന്നവരുടെ വഴി പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളും
ഒന്നാകുന്ന പാത
അങ്ങ് ദൂരെ നാല് ദിക്കുകൾക്കും അപ്പുറം
വെയിലേൽക്കാതെ തണുപ്പേൽക്കാതെ
തണലിൽ വളർന്ന ഒലിവു മരത്തിന്റെ
ചുവട്ടിൽ ... ബക്കയുടെ
 വെളിച്ചം പരത്തുന്ന
തൂവെള്ള ഇഹ്‌റാമുകളിൽ
ത്വവാഫ്'കളിൽ
ലബ്ബയ്ക്ക പാടുന്ന വഴികളിൽ
ദാസനും, മാലിക്കും
ഒന്നാകുന്നു ഫജറിൽ വെളിവാകുന്ന തൂവെള്ള
തേന്തുള്ളിയിൽ കുളിച്ചു
പുലരിയുടെ സിന്ദൂര പുടവയും
ചൂടി പകുതി മയക്കത്തിന്റെ
ആലസ്യത്തിൽ വേർപിരിയുന്ന
മിഥുനങ്ങൾ
വീണ്ടും വേറൊരു ലോകത്തു
സമുദ്രത്തിന്റെ അടിത്തട്ടിൽ
താഴ്വരകളിൽ കുന്നുകളിൽ
ഇഹ്‌റാമുകളിൽ നാഥാ ...അനാഥമായ ഭൂമിയും,
ജീവജാലങ്ങളും, നീയും .....
ഞാൻ എന്നേ നാട് നീങ്ങിയവൻ.

സ്മൃതി

സ്മൃതി ഒരു മരക്കൊമ്പിൽ
ഒരു നീട്ടിയ കുറുകലില്
തസ്ബീഹ്,
തസ്ബീഹ് ചൊല്ലുന്ന പക്ഷി ഒറ്റമരവും ഒരായിരം പക്ഷികളും
കുറെ ഇലകളും നിഴലും, നിഴലില്ലാ-
യിരുട്ടും തസ്ബീഹ്, തസ്ബീഹ്
മരം, പക്ഷി ഇലകൾ
കൂടെ മലക്കുകളും ഇനി രാത്രി മുകളിലെ കൊമ്പും,
ഒറ്റമരവും, പക്ഷികളും, മരക്കുട്ടികളും
മലക്കില്ല ഇരുട്ടും നീറുന്ന ആകാശവും
മഞ്ഞുതുള്ളിയും വെളിച്ചവും
ഒരു മുസല്ല-അലിയുന്ന മനസ്സും
ഉരുകുന്ന കരളും ഇരുട്ടിൽ പ്രകാശത്തെ തേടുന്ന ഞാനും
കുറെ അരൂപികളായ പാട്ടുകാരും
കമിതാക്കളും
വെളിച്ചത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്ന
നിന്നെ ഞാൻ അന്വേഷിക്കുന്നില്ല,
കാണുന്നുമില്ല, ഞാൻ ദർശിക്കുന്നുണ്ട്
മനുഷ്യരും മരങ്ങളും
മറ്റനേകം ജീവജാലങ്ങളും
എല്ലാ മനസ്സും കണ്ണും ഒരേ ദിശയിലേക്കു
പ്രാർത്ഥനയുടെ... പ്രതീക്ഷയുടെ....
ജന്മോദ്ദേശത്തിന്റെ നേർരേഖയിൽ
വിലയം പ്രാപിച്ചവർ.